
ലോകം കൊവിഡെന്ന മഹാമാരിയെ അഭിമുഖീകരിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം പിന്നിട്ടിരിക്കുകയാണ്. സ്ഥിരീകരിക്കുന്ന രോഗബാധിതരുടെ എണ്ണം കുറയുമ്പോൾ കൊവിഡ് അവസാനിക്കുന്നു എന്ന് പ്രതീക്ഷിക്കുമെങ്കിലും പല വേരിയന്റിലൂടെ സജീവമാകുകയാണ് കൊറോണ വൈറസ്. ഇപ്പോൾ സജീവമായിരിക്കുന്നത് ഒമൈക്രോൺ ആണ്. ഒമിക്രോൺ വേരിയന്റിന്റെ കേസുകൾ കുറഞ്ഞു വരുന്നുണ്ടെങ്കിലും ജാഗ്രത കൈവിടേണ്ടതില്ല.
രണ്ടുവർഷം കൊണ്ട് രോഗത്തെ അഭിമുഖീകരിക്കുന്നതിലുള്ള ആളുകളുടെ സമീപനം തന്നെ മാറി. അതിൽ നല്ല വശവും മോശം വശവുമുണ്ട്. അതായത്, ഏറ്റവും ശ്രദ്ധേയമായി എടുത്തുപറയേണ്ടത് മാസ്കിന്റെ ഉപയോഗത്തിൽ വന്ന അലംഭാവമാണ്. വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴെല്ലാം മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. വൈറസ് പടരുന്നത് തടയാൻ നിങ്ങൾ സ്വീകരിക്കേണ്ട അടിസ്ഥാന നടപടികളിൽ ഒന്നാണിത്. മാസ്ക് ശരിയായി ധരിക്കുന്നത് അണുബാധയ്ക്കുള്ള സാധ്യത 90 ശതമാനം കുറയ്ക്കുമെന്ന് വിദഗ്ധർ പറയുന്നു. വിപണിയിൽ വ്യത്യസ്ത തരം മാസ്കുകൾ ലഭ്യമാണെങ്കിലും N95 ആണ് ഏറ്റവും മികച്ചതെന്ന് പറയപ്പെടുന്നു.
പക്ഷെ ഒന്നിലധികം തവണ ഉപയോഗിക്കാമെങ്കിലും N95 മാസ്ക് ഉപയോഗിക്കുന്നതിൽ പരിധിയുണ്ട്. തുണി മാസ്കുകളേക്കാളും സർജിക്കൽ മാസ്കുകളേക്കാളും N95 മാസ്കുകൾ നിങ്ങളെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നതിൽ വളരെ മികച്ചതാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഇത് പുനരുപയോഗിക്കാവുന്നതും ചെലവ് കുറഞ്ഞതുമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയം. എന്നാൽ വിപണിയിൽ ലഭിക്കുന്ന ഏറ്റവും വിലകൂടിയ N95 മാസ്ക് വാങ്ങിയാലും കാലക്രമേണ അത് ഉപയോഗശൂന്യമാക്കേണ്ടതാണ്.
N95 മാസ്കുകൾക്ക് സാധാരണ സർജിക്കൽ മാസ്കിനെക്കാൾ വില കൂടുതലാണ്. ഇത് കഴുകി വീണ്ടും ഉപയോഗിക്കാം, പക്ഷേ ഒരു പരിമിത കാലത്തേക്ക് മാത്രം. N95 മാസ്കിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം സീൽ ആണ്. നിരവധി തവണ ഉപയോഗിച്ച് കഴുകിയ ശേഷം പുറമെയുള്ള കോട്ടിംഗ് കീറിയാൽ മാസ്ക് ധരിക്കുന്നതിൽ അർത്ഥമില്ല, കാരണം വായു എളുപ്പത്തിൽ അകത്തേക്കും പുറത്തേക്കും കടന്നുപോകും. ഇത് വേഗത്തിൽ അണുക്കളെ ഉള്ളിലേക്ക് എത്തിക്കും. അതുകൊണ്ട് കഴുകി ഉപയോഗിക്കുന്നതിൽ 15 തവണ വരെ ശുപാർശ ചെയ്യുന്നവരുണ്ട്. നല്ല മാസ്കുകൾ ആണെങ്കിൽ അത്രത്തോളം നീണ്ടു നിൽക്കും. എങ്കിലും പരമാവധി ഒരേ മാസ്ക് തന്നെ ഉപയോഗിക്കുന്നത് കുറയ്ക്കാനും ശ്രദ്ധിക്കുക.