ഇനി എല്ലാവർക്കും ക്വാറന്റീൻ വേണ്ട’, മൂന്നാം തരംഗത്തിൽ പ്രതിരോധ തന്ത്രം വ്യത്യസ്തമെന്ന് മന്ത്രി

സംസ്ഥാനത്ത് കൊവിഡ് (covid 19) കേസുകൾ ഇന്നും 50,000 ത്തിന് മുകളിൽ തന്നെയെന്ന് മന്ത്രി വീണാ ജോര്‍ജ്. (Veena George). മൂന്നാം തരംഗത്തിൽ രോഗബാധിതർ കൂടുന്നുണ്ടെങ്കിലും ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്ന് മന്ത്രി അറിയിച്ചു. ഐസിയു, വെന്റിലേറ്റർ ഉപയോഗവും കൂടുന്നില്ല. നിലവിൽ രോഗികളിൽ 3.6% പേരെ മാത്രമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുളളത്. ഐസിയുവിൽ 40%  കൊവിഡ് രോഗികളാണ്. സ്വകാര്യ ആശുപത്രികളിലും രോഗികളുടെ എണ്ണം കുറവാണ്. ഫെബ്രുവരി രണ്ടാം ആഴ്ചയോടെ കേസുകൾ താഴ്ന്നു തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു. 
കൊവിഡിന്റെ മൂന്നാം തരംഗത്തിൽ പ്രതിരോധ തന്ത്രം വ്യത്യസ്തമാണെന്ന് മന്ത്രി വിശദീകരിച്ചു. രോഗിയുമായി ബന്ധമുള്ള എല്ലാവർക്കും ഇനി ക്വറന്റീൻ ആവശ്യമില്ല. കൊവിഡ് രോഗിയെ പരിചരിക്കുന്ന ആൾക്ക് മാത്രം ക്വറന്റീൻ മതിയാകും. രോഗനിർണയത്തിന് ടെലി കൺസൾട്ടേഷൻ പരമാവധി ഉപയോഗിക്കണം. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലി-കൺസൾട്ടേഷന് വേണ്ടി ഉപയോഗിക്കും. സന്നദ്ധ സേവനത്തിന് 2 മാസത്തേക്ക് ഡോക്ടർമാരെ നിയോഗിക്കും. 
കൊവിഡ് മൂന്നാം തരംഗത്തിൽ രാജ്യത്ത് സമൂഹവ്യാപമുണ്ടായിട്ടുണ്ട്. കേരളത്തിലും അതുണ്ടാകാം. ലക്ഷണമില്ലാതെ പോസിറ്റിവ് ആയ ആളുകളുണ്ടെന്നും  മന്ത്രി വീണാ ജോർജ് കൂട്ടിച്ചേർത്തു. 
മുതിർന്ന പൗരന്മാർ, ഒറ്റയ്ക്ക് കഴിയുന്ന കൊവിഡ് ബാധിതരായ സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിചരണത്തിന് നിർദേശം നൽകിയതായും മന്ത്രി വിശദീകരിച്ചു. ഗർഭിണികളുടെ പ്രത്യേക ലിസ്റ്റ് തയ്യാറാക്കും. ആവശ്യമായവർക്ക് പ്രത്യേക പരിചരണം നൽകും. കണ്ട്രോൾ റൂം ഇന്ന് സജ്ജമാക്കുമെന്നും മന്ത്രി വിശദീകരിച്ചു. 

Leave a Reply

Your email address will not be published.