കൊവിഡിന്റെ ഭാഗമായുണ്ടാകുന്ന പനി കുറയ്ക്കാന്‍ അതിനുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിക്കാം. എന്നല്ലാതെ മറ്റ് മരുന്നുകളൊന്നും തന്നെ സ്വന്തം ഇഷ്ടപ്രകാരം കൊവിഡ് രോഗികള്‍ കഴിക്കാന്‍ പാടുള്ളതല്ല

കൊവിഡ് 19 രോഗവുമായുള്ള ( Covid 19 Disease ) പോരാട്ടത്തില്‍ തന്നെയാണ് നാമിപ്പോഴും. വാക്സിന് ( Covid Vaccine ) കൊണ്ട് പ്രതിരോധിക്കാമെന്നല്ലാതെ കൊവിഡിനെ പ്രത്യേകമായി ചെറുക്കാനുള്ള മരുന്നുകളൊന്നും തന്നെ ഇപ്പോഴും നിലവില്‍ വന്നിട്ടില്ലെന്നും നമുക്കറിയാം.
കൊവിഡിന്റെ ഭാഗമായുണ്ടാകുന്ന പനി കുറയ്ക്കാന്‍ അതിനുള്ള ആന്റിബയോട്ടിക്കുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം കഴിക്കാം. എന്നല്ലാതെ മറ്റ് മരുന്നുകളൊന്നും തന്നെ സ്വന്തം ഇഷ്ടപ്രകാരം കൊവിഡ് രോഗികള്‍ കഴിക്കാന്‍ പാടുള്ളതല്ല.
എന്നാല്‍ പലരും കൊവിഡ് ആണെന്ന് സംശയം തോന്നുമ്പോള്‍ തന്നെ ‘അസിത്രോമൈസിന്‍’ എന്ന ആന്റിബയോട്ടിക് വാങ്ങി കഴിക്കുകയാണെന്നാണ് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്) സമൂഹമാധ്യമവിഭാഗം നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. സുല്‍ഫി നൂഹു പറയുന്നത്. ‘അസിത്രോമൈസി’ന്റെ അമിതോപയോഗത്തെ കുറിച്ച് ഫേസ്ബുക്ക് പോസ്റ്റലൂടെയാണ് ഡോ. സുല്‍ഫി നൂഹു പ്രതികരണമറിയിച്ചത്.
ഡോക്ടര്‍ പങ്കുവച്ച കുറിപ്പ് വായിക്കൂ…
‘അസിത്രോമൈസിന്‍’ ഏതാണ്ട് കപ്പലണ്ടി പോലെയാണിപ്പോള്‍ വിറ്റഴിയുന്നത്. നല്ല ചൂടുള്ള കപ്പലണ്ടി. ബീച്ചില്‍ നടക്കുമ്പോള്‍ കപ്പലണ്ടി വാങ്ങി കഴിക്കുന്നത് പോലെ അസിത്രോമൈസിന്‍ ചറ പറാന്ന് ആള്ക്കാര് വാങ്ങിക്കഴിക്കുന്നു.
കോവിഡ്19ന് ഒരു ഫലവും അടിസ്ഥാനപരമായി തെളിയിക്കപ്പെട്ടിട്ടില്ലാത്ത അസിത്രോമൈസിന്‍ സ്വയം വാങ്ങി അകത്താക്കുന്നവര്‍ പതിനായിരക്കണക്കിന്. വീടുകളില്‍ ധാരാളംപേര്‍ ചികിത്സിക്കുന്നത് കൊണ്ട് സ്വയം വാങ്ങി കഴിക്കല്‍ റോക്കറ്റ് വേഗത്തില്‍.
അസിത്രോമൈസിന്‍ മാത്രമല്ല പല ആന്റിബയോട്ടിക്കളും സ്വന്തം ഇഷ്ടപ്രകാരം വാങ്ങി കഴിക്കുന്നവര്‍ നിരവധി. അങ്ങനെയങ്ങ് വാങ്ങിക്കഴിക്കാന്‍ തുടങ്ങുന്നതിനുമുന്പ് ചില കാര്യങ്ങള്‍ പരിഗണിക്കപ്പെടണം.
എന്റെ കാശ്, എന്റെ സൗകര്യം, എന്റെ ശരീരം- അങ്ങനെ കരുതുന്നവര്‍ ഈ പഠനം ഒന്ന് ശ്രദ്ധിക്കണം. 2019ലെ മാത്രം ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് പഠനം!
ഈ ലാന്‍സെറ്റ് പഠനം വളരെ വലുതും വിപുലവുമാണ്. ലോകം നേരിടാന്‍ പോകുന്ന അത്യന്തം ഗുരുതരമായ ആന്റിബയോട്ടിക് റസിസ്റ്റന്‍സും തന്മൂലമുണ്ടാകുന്ന മരണങ്ങളിലെക്കും വിരല്‍ചൂണ്ടുന്നു.
ആന്റിബയോട്ടിക്കുകള്‍ എന്നാല്‍ ജീവന് രക്ഷിക്കുന്ന മരുന്നുകള്‍. വളരെ ലഘുവായി പറഞ്ഞാല്‍ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മരുന്ന്. അത് വെറുതെയങ്ങ് സ്വയം വാങ്ങി ഉപയോഗിച്ചാല്‍ ‘കണ്ണുപൊത്തി’ ഈ കണക്കുകള്‍ കേള്‍ക്കണം.
2019ലെ ഈ പഠനത്തില്‍ ആ കൊല്ലം മാത്രം ആന്റിമൈക്രോബിയല്‍ ‘റെസിസ്റ്റന്‍സ്’ കാരണം 50 ലക്ഷം പേര് ലോകത്തെമ്പാടുമായി മരിക്കുന്നു.അതില്‍തന്നെ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ക്കുള്ള ആന്റിബയോട്ടിനാണ് ഏറ്റവും കൂടുതല്‍ റസിസ്റ്റന്‍സ്. കൃത്യമായ അളവില്‍ കൃത്യമായ ദിവസങ്ങള്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം കഴിക്കുക. അതാണ് പരിഹാരമാര്‍ഗം.
ആന്റിബയോട്ടിക് മരുന്നുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ശരീരത്തിനുള്ളിലേക്ക് ചെല്ലുന്നത് മരുന്നുകളുടെ പ്രവര്‍ത്തനത്തെ തകര്‍ക്കും. കൃത്യമായ അളവിലും തോതിലും കഴിക്കാതിരിക്കുന്നത് പ്രശ്നങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഗുരുതരമാക്കുന്നു. എന്റെ ശരീരം, എന്റെ കാശ്, എന്റെ സ്വാതന്ത്ര്യം- അങ്ങനെയുള്ള കാഴ്ചപ്പാട് ദശലക്ഷക്കണക്കിന് ആള്‍ക്കാരെ മരണത്തിലേക്ക് തള്ളിവിടും.
ഞാനൊരല്പം ആന്റിബയോട്ടിക് കഴിച്ചാല്‍ അതെങ്ങനെയെന്നാവും ചോദ്യം.
ആവശ്യമില്ലാതെ ആന്റിബയോട്ടിക് കഴിച്ചാല്‍ ശരീരത്തിലുള്ള അണുക്കള്‍ക്ക് അതിനെതിരെ പ്രവര്‍ത്തിക്കുവാനുള്ള ശക്തി ലഭിക്കും. അത് മറ്റുള്ളവരെയും ബാധിക്കും.എന്നാല്‍ ബദലായി പുതിയ പുതിയ ആന്റിബയോട്ടിക്കുകള്‍ കണ്ടുപിടിക്കപ്പെടുന്നുമില്ല.
ഇതൊക്കെ കേട്ടിട്ട് ആവശ്യത്തിന് ആന്റിബയോട്ടിക് കഴിക്കാതിരുന്നാല്‍ അതും പ്രശ്നമാകും. ഓര്‍ക്കണം. ആന്റിബയോട്ടിക്കുകള്‍ മാത്രമല്ല എല്ലാ മരുന്നുകളും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം കൃത്യമായ തോതില്‍ കൃത്യമായ അളവില്‍. അതുകൊണ്ട് ഈ കോവിഡ് കാലത്ത് പ്രത്യേകിച്ച് ‘അരുതരുതരുതരുതസിത്രോമൈസിന്’.