
കുറച്ചു മാസം മുമ്പ് കേരളക്കര ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒരു വാര്‍ത്തയായിരുന്നു വിസ്മയ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ. ഭര്‍തൃവീട്ടില്‍ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആണ് വിസ്മയ ആത്മഹത്യ ചെയ്തത്. ഇപ്പോള്‍ കേസിലെ പ്രതി കിരണിന്റെ സഹോദരിയായ കീര്‍ത്തിയും കൂറുമാറി എന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇതോടെ പ്രതിക്ക് അനുകൂലമായി കൂറുമാറിയവരുടെ എണ്ണം നാലായി.

കിരണിന്റെ വല്യച്ഛന് മകനായ സെക്യൂരിറ്റി ജീവനക്കാരന് അനില്‍കുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യ വകുപ്പ് ജീവനക്കാരി ബിന്ദു കുമാരി, കിരണിന്റെ അച്ഛന് സദാശിവന് പിള്ള തുടങ്ങിയവരാണ് കൂറുമായത്.

അതേസമയം താന്‍ വിസ്മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്ന് കീര്‍ത്തി മൊഴി നല്കി. എന്നാല്‍ കിരണിന് സ്ത്രീധനമായി കാര്‍ നല്‍കിയെന്നും , അതേച്ചൊല്ലി ഇവര്‍ക്കിടയില്‍ തര്‍ക്കം ഉണ്ടായിരുന്നുവെന്നും, ഇവര്‍ പലപ്പോഴും രണ്ടു മുറികളിലാണ് ഉറങ്ങിയതെന്ന് നേരത്തെ കീര്‍ത്തന അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.
അതേസമയം വിസ്മയ കിടന്ന കട്ടിലില്‍ തലയണയുടെ അടിയില്‍ നിന്നു കിട്ടിയ കടലാസ് താന്‍ പൊലീസില്‍ ഏല്പിച്ചത് ആരോടും പറയാതിരുന്നതു കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതി ചേര്‍ക്കുമെന്നു ഭയന്നാണെന്നു കിരണിന്റെ പിതാവ് സദാശിവന്‍പിള്ള എതിര് വിസ്താരത്തില്‍ മൊഴി നല്കി. കുറിപ്പു കിട്ടിയ കാര്യം പുറത്തുപറയേണ്ടെന്ന് ആദ്യ അഭിഭാഷകന് ആളൂര്‍ പറഞ്ഞിരുന്നുവെന്നു മൊഴി നല്‍കിയെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല.